Sunday, April 21, 2024

'ഓർമ ജാലകം'

കുട്ടിമാമൻ മരിച്ചത് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചാണ്. ആറു മാസത്തോളം നീണ്ട കീമോതെറാപ്പി സെഷന് ശേഷം ഒരു ദിവസം കുട്ടിമാമൻ പോയി. എല്ലാവരും ഒരുദിവസം പോവേണ്ടതാണ് എന്ന് എത്ര സ്വയം ആശ്വസിപ്പിച്ചാലും, മനുഷ്യരല്ലേ..വേദന ഒരു പെരുമ്പാമ്പിനെ പോലെ ചുറ്റി വരിഞ്ഞു കുറെയേറെ  നാളുകൾ. അതിന്റെ പിടി ഒന്നയഞ്ഞപ്പോൾ, ഞാനും രാമേന്ദ്രമ്മാമനും അച്ഛനും മേമയും ചേച്ചിയും കൂടെ ഒരു ദിവസം മെഡിക്കൽ കോളേജിലേക്ക് പോവാൻ തീരുമാനിച്ചു. ആശുപത്രിയിൽ നിന്ന ആറു മാസം കുട്ടിമാമനെ ചികില്സിക്കുകയും സ്നേഹിക്കുകയും ചെയ്ത ഒരുപാടു നഴ്സുമാർ ഉണ്ടായിരുന്നു. ഞങ്ങൾക്ക് ഉച്ചക്ക് കുടിക്കാൻ കഞ്ഞിയും കുറച്ച് ആശ്വാസ വാക്കുകളും ആയി വരാറുള്ള ഒരു താത്ത ഉണ്ടായിരുന്നു. ഐ സി യു വിന് മുന്നിൽ കാത്തിരിക്കുന്ന സമയത്തും രാത്രി അതിനു തൊട്ട്‌ അപ്പുറത്തായി രോഗികളുടെ കൂടെ വന്നവർക്ക് കിടക്കാൻ കെട്ടിയ ഷെഡിനുള്ളിൽ വെച്ചും മറ്റും സ്ഥിരം കാണാറുള്ള, സുഖ വിവരം അന്വേഷിക്കാറുള്ള, സങ്കടങ്ങളും സന്തോഷങ്ങളും പങ്കു വെക്കാറുള്ള കുറെ ആളുകൾ  ഉണ്ടായിരുന്നു. ഒന്നും പറഞ്ഞില്ലെങ്കിലും ആ ആറുമാസക്കാലം വെറുതെ കണ്ടു മാത്രം പരിചയിച്ച വേറെയും മുഖങ്ങൾ ഉണ്ടായിരുന്നു. അവരെ ഒകെ ഒന്ന് കാണണം, രണ്ടു വാക്കിൽ നമ്മുടെ നന്ദിയും സ്നേഹവും പറയണം എന്നൊക്കെ കരുതിയായിരുന്നു ആ യാത്ര. മനുഷ്യർക്ക് കൊടുക്കാവുന്നതിൽ വെച്ച് ഏറ്റവും വിലയുള്ളത് അതിനൊക്കെ തന്നെയാണ്. ഇത്രയേ ഉള്ളു ജീവിതം എന്നും ഇത്രത്തോളം ഉണ്ട് മനുഷ്യർ എന്നുമെല്ലാം ഞാൻ പഠിച്ചത്, എന്നെ പഠിപ്പിച്ചത് ആ ആശുപത്രി ജീവിതമാണ്. 

ഡ്യൂട്ടിയിൽ അന്ന് ഉണ്ടായിരുന്ന നഴ്സുമാരെ കണ്ടു. അവർ നമ്മളെ ആശ്വസിപ്പിച്ചു. ഒരുപക്ഷെ നമ്മൾ അവരെയും. താത്തയെ അന്ന് കാണാൻ പറ്റിയില്ല. പരിചിതമായ ഇടനാഴികൾ. മുറികൾ. കുട്ടിമാമന്  ബ്ലഡ് കാൻസർ ആയിരുന്നു. എല്ലാ ദിവസവും രാവിലെ ആറരക്ക് രക്തം പരിശോധിക്കും. Platelets കുറവാണെങ്കിൽ പുതിയ മെഡിക്കൽ കോളേജിൽ പോയി അത് വാങ്ങണം. ഒരു പാക്കറ്റിൽ ആണ് അതുണ്ടാവുക. ചില ദിവസങ്ങളിൽ അത് വാങ്ങാൻ ഞാൻ പോവാറുണ്ടായിരുന്നു. ഒരു കുഞ്ഞിനെ പോലെ, ഒരുപക്ഷെ അതിലും ശ്രദ്ധിച്ച്, ഞാൻ ആ പാക്കറ്റുകൾ സൂക്ഷിച്ച് പിടിക്കും. ഏഴാം ക്ലാസ്സിൽ പഠിച്ചിട്ടുണ്ട്, platelets രക്തം കട്ട പിടിക്കാൻ സഹായിക്കുന്നു. പക്ഷെ അപ്പോൾ അറിയില്ലല്ലോ പത്തു വർഷങ്ങൾക്കിപ്പുറം എന്റെ ജീവിതത്തിൽ  അത് അത്രയും വിലപ്പെട്ട ഒരു വസ്തുവായി തീരുമെന്ന്. മെഡിക്കൽ കോളേജിലേക്കുള്ള വഴികൾ കണ്ടപ്പോൾ അതൊക്കെയും ഓർമ വന്നു. 

ഐ സി യു വഴി ആണ് ഞങ്ങൾ പുറത്തേക്ക് ഇറങ്ങിയത്. അതിന്റെ മുന്നിൽ എത്തിയപ്പോൾ ഞങ്ങൾ എല്ലാവരും അറിയാതെ നിന്നു. ആ വരാന്തയുടെ അറ്റത്ത് ഉള്ള കസേരകളിൽ ആണ് ഞങ്ങൾ ഇരിക്കാറുള്ളത്. അന്ന് അവിടെ വേറെ ആരൊക്കെയോ ഇരുന്നിരുന്നു. കാത്തിരുന്ന് ആധി കൂടുമ്പോൾ ഇടക്ക് ഞങ്ങൾ കുട്ടിമാമൻ കിടക്കാറുള്ള ഭാഗത്തെ ജനൽ വഴി ഉള്ളിലേക്ക് നോക്കാറുണ്ടായിരുന്നു. ചിലപ്പോൾ ഒകെ തിരിച്ച് കുട്ടിമാമൻ നമ്മളെയും നോക്കും. അല്ലെങ്കിൽ ഉറങ്ങുകയായിരിക്കും. അതോർത്തപ്പോൾ ഞാൻ കുറച്ച്  നേരം അവിടെ നിന്നു. ബാക്കി എല്ലാവരും മുന്നോട്ട് നടന്നു. എനിക്ക് ഹൃദയത്തിൽ വല്ലാത്തൊരു വിങ്ങൽ തോന്നി. പണ്ടത്തെ പോലെ ഇപ്പോൾ ആ ജനലിലൂടെ നോക്കിയാൽ കുട്ടിമാമനെ കണ്ടാലോ. നോക്കണം, നോക്കണം, എന്ന് തോന്നി. പക്ഷെ ആ ചിന്ത എന്റെ യുക്തിയെ കീഴ്പെടുത്തും മുൻപ് ഞാൻ മുന്നോട്ട് വേഗത്തിൽ നടന്നു. കുട്ടിമാമനെ കാണാൻ എന്റെ ഓർമയുടെ ജനൽ മാത്രം മതി എന്ന് പോകെപ്പോകെ ഞാൻ അറിഞ്ഞു. 


Thursday, February 1, 2024

 ഇപ്പോൾ ഞാൻ മരിച്ചു പോവുകയാണെങ്കിൽ 

നിന്നോട് പറയാൻ ഇരുന്ന വാക്കുകളൊക്കെ 

മൗനത്തിന്റെ ഇരുണ്ട ആഴങ്ങളിൽ ചെന്നടിയും,

തരാൻ ഇരുന്ന ചുംബനങ്ങളൊക്കെ 

തനിച്ച് നിൽക്കുന്ന പൂവരശിന്റെ ചില്ലകളിൽ 

പൂക്കളായി വിടരും, 

നമ്മൾ ഒരുമിച്ച് കാണാൻ ഇരുന്ന സ്വപ്നങ്ങളൊക്കെയും 

രായ്ക്കു രാമാനം അഭയാർഥികളെ പോലെ 

പലായനം ചെയ്യും,

മറവിയുടെ മരുപ്പച്ചകളിലേക്ക്.

പിന്നെ പറയാം പിന്നെ പറയാം എന്ന് 

നിന്നെ കൊതിപ്പിച്ച ആ രഹസ്യം 

എന്റെ ഉള്ളിൽ നിന്ന് പുറത്തു കടക്കാനാവാതെ കരയും,

നിനക്കു പാടി തരാൻ കരുതിയ പാട്ട് 

നിലാവുള്ള രാത്രിയിൽ ഒരു പക്ഷിയായി മാറി 

നിന്റെ കിടപ്പുമുറിയുടെ ജനാലക്കൽ വന്നിരുന്നു പാടും.

മരിച്ചു കഴിഞ്ഞാലാവില്ലേ 

നിനക്കു എന്നോട് കൂടുതൽ സ്നേഹം?

Tuesday, January 17, 2023

ഒരു തോന്നൽ

ഇൻറർനെറ്റിൽ ഒരു കവിത തപ്പിയപ്പോൾ ചെന്നെത്തിപ്പെട്ടത് പണ്ട് ഞാൻ follow ചെയ്തിരുന്ന ഒരു ബ്ലോഗറിന്റെ ബ്ലോഗിലാണ്. അപ്പോഴാണ് എനിക്കും ഒരു കാലത്ത്  ബ്ലോഗ് എന്ന ഒന്ന് ഉണ്ടായിരുന്നു എന്ന ഓര്മയുടെ ചരടിൽ പിടിച്ച് ഞാൻ ടൈം ട്രാവെലിന് തയാറായത്. പാസ്സ്‌വേർഡ് എന്നോ മറന്നു കഴിഞ്ഞിരുന്നു. എന്നാലും ബ്ലോഗ് ഉണ്ടാക്കിയ സമയത് ഉപഗോഗിച്ചിരുന്ന ഇമെയിൽ ഐഡി ഏതാണെന്നും അതിന്റെ പാസ്സ്‌വേർട് എന്താണെന്നും ഓര്മയുണ്ടായിരുന്നതുകൊണ്ട് ഫോർഗോട് പാസ്സ്‌വേർഡ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തു. ജിമെയിലിന്റെ ഇൻബോക്സിൽ സെറ്റ് യുവർ ന്യൂ പാസ്സ്‌വേർഡ് എന്ന നോട്ടിഫിക്കേഷൻ മിന്നി. അങ്ങനെ തിരിച്ചെടുത്ത എന്റെ ബ്ലോഗിൽ ഞാൻ പണ്ടെങ്ങോ എഴുതിയ എന്തൊക്കെയോ ഉണ്ടായിരുന്നു. എന്റെ എഴുത്തിന്റെ ഓര്മ എന്നെ  സുഖകരമായ ഒരു വല്ലായ്മയിൽ ആഴ്ത്തി. വൈകുന്നേരത്തെ വെളിച്ചം പോലെ ദുഖകരമായ ഏതോ ഓര്മയുടെ ചൂണ്ടയിൽ കൊത്തി ചോര കിനിയുന്നു. ഞാൻ തന്നെയാണോ ഇതൊക്കെ എഴുതിയത് എന്നൊരു അത്ഭുതം പൊടിമീനു കണക്കെ മിന്നി മറയുന്നു. ഇത്രയും കാലം എഴുതിയില്ലല്ലോ എന്ന കുറ്റബോധം നീരാളിയായി എന്നെ ഞെരിക്കുന്നു. എന്നാലും ആ വേദന പോലും എത്ര സുഖമുള്ളതാണ് എന്ന അമ്പരപ്പിൽ മുങ്ങിപ്പൊയ്ക്കൊണ്ടിരുന്ന ഞാൻ ജലപ്പരപ്പിലേക് കുതിക്കുന്നു. എന്റെ മേൽ മീൻ ചെതുമ്പലുകൾ, കുഞ്ഞു മീൻ ചിറക്, അടി വയറ്റിൽ വെള്ളി തിളക്കം.. എഴുത്ത് എന്നിൽ തന്നെയുണ്ട് എന്ന് എനിക്ക് തോന്നുന്നു. ഞാൻ ഒരു മീനാണെന്നും. 

ഒരോർമ

മഴവില്ലിന് അത്രയും ചെറിയ ആയുസ്സേ ഉള്ളു എന്ന് അന്നാണ് ഞങ്ങൾക്ക് മനസിലായത്. ഒരുപക്ഷെ അതിന്റെ നൈമിഷികതയായിരിക്കാം അതിനെ അത്രമേൽ ഭംഗിയുള്ളതാക്കുന്നത്. വൈകുനേരം പാടത്ത്  പുല്ലരിയുകയായിരുന്ന അച്ഛൻ ഓടി കിതച്ച് വീട്ടിലേക്കു വരുമ്പോൾ എന്നെയും അനിയനേയും മാറിമാറി വിളിക്കുന്നുണ്ടായിരുന്നു.  വളപ്പിലും മുറ്റത്തുമൊക്കെയായി പാമ്പിനെ ഇടക്ക് കാണാറുള്ളതുകൊണ്ട് എന്തോ അപകടമുണ്ടായി എന്ന് പേടിച്ച് ഞങ്ങൾ എന്താണെന്നു ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു, 'വേഗം വാ നല്ല ഒരു മഴവില്ല് ആകാശത്ത്'. വടക്കോറത്ത് ചെരുപ്പുകൾ ഒന്നുമില്ലായിരുന്നു.  ചെരുപ്പ് ഇടാതെ മുറ്റത്തേക്കു ഇറങ്ങാൻ മടിയായി. ഉമ്മറത്ത് നിന്ന് ഞാനും അമ്മയും അനിയനും ചെരുപ്പൊക്കെ എടുത്തു കൊണ്ടുവന്ന്  അതിട്ട് പാടത്തേക്കു ഓടിയപ്പോഴേക്ക് ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു കാണും. മഴവില്ലിന്റെ ഒരു മ പോലും ആകാശത്തു  ഇല്ലാതായി കഴിഞ്ഞിരുന്നു. അച്ഛന്റെ മുഖത്തു നിരാശ. 

"അപ്പഴേ ഞാൻ പറഞ്ഞില്ലേ ചെരുപ്പൊന്നും എടുക്കാൻ പോണ്ട അത് പോവും എന്ന്". 
ഞങ്ങൾക്കും സങ്കടം. മഴവില്ലു കാണാഞ്ഞത് കൊണ്ടല്ല. പക്ഷെ കണ്ടയുടനെ അതൊന്നു നോക്കി ആസ്വദിക്കാൻ പോലും നിൽക്കാതെ ഞങ്ങളെ കാണിക്കാൻ ആവേശത്തോടെ ഓടി വന്നതായിരിക്കണം അച്ഛൻ. ആകാശം പോലെ മങ്ങിയ മുഖത്തോടെ ഞങ്ങൾ കുറച്ച് നേരം കൂടെ പോയ മഴവില്ലു തിരിച്ച് വരുമോ എന്ന് നോക്കി നിന്നു..വെറുതെ. 
മഴവില്ലിന് അത്രയും ചെറിയ ആയുസേ ഉള്ളു എന്ന് അന്നാണ് ഞങ്ങള്ക് മനസിലായത്. 

Saturday, November 16, 2013

ജീവിതത്തിന്റെ വിരസതയാര്‍ന്ന വിജനമായ നീണ്ട ഇടനാഴിയുടെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിന്റെ ഒരു ചീളു പോലെ, നീല ആകാശത്തിന്റെ അതിരുകളില്‍ നിന്നും അടര്‍ന്നു വീണ ഒരു വെള്ളി മേഘശകലം പോലെ, കടല്‍തീരങ്ങളില്‍ ഇളംചൂടുള്ള മണല്‍ത്തരികളില്‍ മയങ്ങുന്ന വെളുത്ത ശംഖു കളുടെ ഉള്ളറകളിലെ തുടുപ്പു പോലെ, ഉച്ചയുടെ നിശബ്ദതയില്‍് വള്ളിപ്പടര്‍പ്പുകളില്‍ വിശ്രമിക്കുന്ന കാറ്റിന്റെ നനുത്ത നിശ്വാസങ്ങള്‍ പോലെ, അസ്തമയപ്പക്ഷികള്‍ ചേക്കേറുന്ന സന്ധ്യയുടെ ചുവന്ന കൊമ്പു പോലെ, നീ എന്റെ ഹൃദയത്തിന്റെ താളുകളില്‍ അക്ഷരങ്ങളായി മാറി ഉപ്പിന്റെ നനവ്‌ പകരുന്നു...

Saturday, January 21, 2012

ചക്കയുടെ സുഗന്ധം

അസ്തമയത്തിന്റെ ചുവപ്പ് ഇലകളുടെ പച്ചയില്‍ പടരുകയാണ്. പുല്ലു മൂടിയ ഇടവഴികളില്‍ പകല്‍ മറന്നു വെച്ച സ്വപ്നത്തെ പോലെ പോക്കുവെയില്‍ വീണു കിടന്നു. ജീവിതത്തിനു എത്ര നിറങ്ങളാണ് ! സന്ധ്യയുടെ ചുവപ്പ് , രാത്രിയുടെ കറുപ്പ് , പകലിന്റെ വെളുപ്പ്........ ! ആശുപത്രിക്കിടക്കയുടെ ചുളിവുകള്‍ക്കു പച്ച നിറമായിരുന്നു. ആ കിടക്കവിരിയില്‍ , ചിതറിയ നരച്ച മുടിയിഴകളോടെ , അവള്‍ മലര്‍ന്ന് കിടന്നത് അയാളോര്‍ത്തു. അവളുടെ വിളറിയ കൈകള്‍ തന്റെ തണുത്ത , വിറങ്ങലിച്ച കൈപ്പത്തികളില്‍ ഒരു പക്ഷിക്കുഞ്ഞിന്റെ തൂവലുകളെ പോലെ ഒതുക്കിക്കൊണ്ട് അവള്‍ പറഞ്ഞു.
“ നമുക്കു ഒരിക്കല്‍ കൂടി പോകണം . എന്നിട്ടു പഴയതു പോലെ മണ്ണപ്പം ചുടണം , ഊഞ്ഞാലാട്ടണം..... കൊത്താങ്കല്ലു കളിക്കണം...” അവളുടെ ശബ്ദം ചിലമ്പിച്ചിരുന്നു. ചിതലു തിന്ന കഴുക്കോലില്‍ വിരല്‍ തട്ടുമ്പോഴുണ്ടാകുന്ന ശബ്ദത്തെപ്പോലെ.
“ പോകാം... ആദ്യം ഈ അസുഖം ഒന്നു മാറട്ടെ “
അയാള്‍ പറഞ്ഞു. അവള്‍ ആ കിടക്ക വിട്ടു ഇനിയൊരിക്കലും എഴുന്നേല്‍ക്കുകയോ, പഴയതു പോലെ വായിക്കാനായി താന്‍ പുസ്തകം നിവര്‍ത്തുമ്പോള്‍ പിറകിലൂടെ വന്നു കണ്ണട ചെവികള്‍ക്കിടയില്‍ തിരുകിക്കൊടുക്കുകയോ, കീറിയ ലുങ്കി തുന്നികൊടുക്കുകയോ, വിറക്കുന്ന കൈകള്‍ കൊണ്ട് ചായ തിളപ്പിക്കുകയോ ചെയ്യില്ലെന്ന് പൂര്‍ണ ബോദ്ധ്യമുണ്ടായിരുന്നിട്ടും അയാള്‍ പറഞ്ഞു.
“ നമുക്കു പോകാം.”
ചാരുകസേരയിലുരുന്ന് ഓരോന്നോര്‍ക്കുമ്പോഴാണ് ജനാലയിലൂടെ വെളിയിലേക്കു നോക്കിയതു. അകലെ തെങ്ങിന്‍ തോപ്പുകള്‍ക്കുമപ്പുറം നീലാകാശത്തിന്റെ നുറുങ്ങുകള്‍ കാണാം . മഴനൂലുകള്‍ വെയിലിന്റെ ചുമരുകളില്‍ വരഞ്ഞു വെച്ച മഴവില്‍ചിത്രങ്ങള്‍ കാണാം . കനത്ത നിഴലുകള്‍ വീണു കിടന്ന തൊടിയുടെ നനഞ്ഞ മണ്ണില്‍ പഴുത്ത ചീഞ്ഞ ചക്കകള്‍ കാണാം. അണ്ണാനും, കിളികളും, ഉറുമ്പുകളും, അവ പകുത്തെടുക്കുന്നു. പിന്നേയും അവശേഷിക്കുന്നവ വെറുതെ അഴുകിപ്പോകുന്നു.
അവള്‍ ഉണ്ടായിരുന്നുവെങ്കില്‍ പഴുത്ത ചക്കകള്‍ ഒരിക്കലും പാഴായിപ്പോവില്ലായിരുന്നു. അയാള്‍ ഓര്‍ത്തു. ‘പത്തായപ്പുരയിലെ തുരുമ്പെടുത്ത സൈക്കിളിനു പിറകി‍ല്‍ , അരയില്‍ തിരുകിയ കത്തി കൊണ്ട് അരിഞ്ഞു വീഴ്ത്തിയ ചക്കകള്‍ ചൂടിക്കയറുകൊണ്ട് വരിഞ്ഞു കെട്ടും. എന്നിട്ടു അവ അടുക്കളമുറ്റത്തേക്കു കൊണ്ടു വരും. പിന്നെ തയ്യാറെടുപ്പുകളാണ്. മുളഞ്ഞു ചുറ്റാന്‍ മെലിഞ്ഞ ഒരു കമ്പ്, ഇരിയ്ക്കാന്‍ മരപ്പലക, കുരു എടുത്തു വെയ്ക്കാന്‍ കഴുകി വ്രിത്തിയാക്കിയ പാളക്കഷ്ണം, സ്വര്‍ണ്ണനിറത്തിലുള്ള ചുളകള്‍ നിറച്ചു വെയ്ക്കാന്‍ ഒരു അലുമിനിയച്ചെമ്പ്..’
മൂക്കിലെ കട്ടിക്കണ്ണട അമര്‍ത്തിവെച്ച് കറുത്ത, വീതി കുറഞ്ഞ കരയുള്ള വേഷ്ടിത്തുമ്പ് അരയില്‍ തിരുകി, ചുവന്ന മണ്ണിന്റെ നനവിലിരുന്നു അവള്‍ ചുളകള്‍ പറിക്കുമായിരുന്നു. ചക്ക കൊണ്ടുണ്ടാക്കുന്ന പലഹാരങ്ങളും വെന്ത ചേന കുത്തുയുടച്ചതും മാത്രം കഴിച്ചു വിശപ്പകറ്റിയിരുന്ന ഒരു കാലവും ഉണ്ടായിരുന്നു.
‘പുറമെ പ്രതിഷേധത്തിന്റെ മുള്ളുകളുള്ള അകം മിനുത്ത ചക്കകള്‍ ! അവളെപ്പോലെ ജീവിതത്തിന്റെ മാധുര്യം മുഴുവനും മറ്റു ജീവിതഞ്ഞള്‍ക്കു പകര്‍ന്നു കൊടുത്ത് ഒടുവില്‍ അവഗണിക്കപ്പെടുന്ന പരിഹസിക്കപ്പെടുന്ന വെറും ചക്കകള്‍ !‘
ആരോ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ഓര്‍മകളെ തനിച്ചാക്കി അയാള്‍ പൂമുഖത്തേയ്ക്കു ചെന്നത്. പക്ഷെ ആരെയും കാണുകയുണ്ടായില്ല. കാറ്റായിരിക്കണം.
മുറ്റത്ത് വിരിച്ചിട്ടിരുന്ന പുല്പായയില്‍ പയറുകൊണ്ടാട്ടം ഉണക്കാനിട്ടിട്ടുണ്ട്. ഇപ്പോള്‍ അവളുടെ ജോലികള്‍ ഏറ്റെടുത്തിരിക്കുന്നത് അയല്‍ വീട്ടിലെ അല്പം പ്രായം കുറഞ്ഞ ഒരു സ്ത്രീയാണ്. അവര്‍ കൊണ്ടാട്ടം ഉണക്കാനിടും, മുണ്ട് അലക്കിക്കൊടുക്കും, വെള്ളം തിളപ്പിക്കും, പക്ഷെ ചക്ക മുറിക്കില്ല.
മുറ്റത്തേയ്ക്കു ഇറങ്ങിച്ചെന്ന് ഒരു കൊണ്ടാട്ടം കൈയില്‍ എടുത്തു പിടിച്ചുവെങ്കിലും കഴിക്കാന്‍ തോന്നിയില്ല. ആരോ വിലക്കുന്നതു പോലെ. മനസ് നികത്തപ്പെടാത്ത നഷ്ടങ്ങളെയോര്‍ത്ത് അസ്വസ്തമാകുന്നു. പണ്ടായിരുന്നുവെങ്കില്‍ എത്ര ഒളിച്ചു കഴിക്കാന്‍ ശ്രമിച്ചാലും എവിടെനിന്നെങ്കിലും അവള്‍ വിളിച്ചുചോദിക്കും ‘കഴിഞ്ഞ തവണ ബി പി ചെക്ക് അപ് നടത്തിയപ്പോള്‍ ഡോക്റ്റര്‍ എന്തു പരഞ്ഞുവെന്നും മറ്റും മറ്റും.’ ഇപ്പോല്‍ സ്വാതന്ത്ര്യമുണ്ട്..പക്ഷെ രുചിയില്ല....
ഒടുവില്‍ ഒരു പരാജിതനെപ്പോലെ ഇടനാഴിയുടെ ഇരുട്ടിലേയ്ക്കു സ്വയം ആഴ്ന്നിറങ്ങി. ചുമരിനോട് ചേര്‍ത്തിട്ടിരുന്ന അലമാരയ്ക്കു മുകളിലെ മുടി പിന്നിയിട്ട പാവ അയാളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അവളുണ്ടാക്കിയതാണ്...ചിരിക്കുന്ന ആ പാവയെ. കോസറിവിരിക്കുള്ളില്‍ പഞ്ഞി നിറച്ച്, നീലസ്സാരി കൊണ്ട് പാവാട ഞൊറിഞ്ഞ്, കണ്ണെഴുതിച്ച്, മുടി പിന്നിയിട്ട്...
കുട്ടികള്‍ ഉണ്ടാവാതിരുന്നതു നന്നായെന്നു അവള്‍ പലപ്പൊഴും പറയുമായിരുന്നു. പിന്നീട് അയാളും അതു തന്നെ വിശ്വസിച്ചു. എങ്കിലും അയാളില്ലെന്നു കരുതി നനഞ്ഞ കണ്ണുകളോടെ അവള്‍ ആ പാവയെ മാറോടടുപ്പിക്കുന്നതു അയാള്‍ എത്രയോ തവണ കണ്ടിട്ടുള്ളതാണ്. അവളില്ലാത്ത നേരങ്ങളില്‍ താന്‍ ആ പാവയുടെ നെറ്റിയില്‍ തലോടാറുള്ളത് അവള്‍ എപ്പൊഴെങ്കിലും കണ്ടിരുന്നുവൊ എന്നു സംശയിച്ചുകൊണ്ട് അയാള്‍ ചാരുകസേരയിലേയ്ക്കു ചാഞ്ഞിരുന്നു. നനഞ്ഞ കണ്ണടകള്‍ ഊരിയെടുത്തു.
പഴുത്ത ചക്ക മുറിക്കുന്ന ശബ്ദം കേട്ടാണു ഉണര്‍ന്നത്. മുറി നിറയെ പഴുത്ത ചക്കയുടെ സുഗന്ധം! നനയുന്ന കണ്ണുകളോടെ അയാള്‍ ജനാലയ്ക്കു പുറത്തേയ്ക്കു നോക്കി. തൊടിയിലെ പ്ലാവില്‍ കാലം തെറ്റി കായ്ച്ച ചക്കകള്‍ അപ്പൊഴും മണ്ണിന്റെ നനവിലേയ്ക്ക് അടര്‍ന്നു വീണുകൊണ്ടിരുന്നു.

Saturday, August 21, 2010

ഓ.....................ണം

ആഗോളകമ്പോള വല്‍ക്കരണത്തിന്റ ഭാഗമായി പൂക്കള്‍ വാങ്ങി പൂക്കളം തീര്‍ക്കണ്ട എന്നു പറഞ്ഞ മാഷിനോട് ചിലര്‍ പല്ലിറുമ്മിക്കൊണ്ട് പിറുപിറുത്തു. മറ്റു ചിലര്‍ പൂക്കള്‍ വാങ്ങാതെ എങ്ങിനെ പൂക്കളം തീര്‍ക്കും എന്ന ആശയക്കുഴപ്പത്തിലായിരുന്നു. ഒടുവിലാണ് എല്ലാവരും ചേര്‍ന്ന് ഈ വര്‍ഷം പൂക്കളം തീര്‍ക്കണ്ട എന്ന നിഗമനത്തിലെത്തിയത്. പിരിച്ചെടുത്ത കാശ് തിരിച്ചേല്‍പ്പിക്കുമ്പോള്‍ ലീഡറുടെ മുഖം ചുവന്നിരുന്നു. പൂക്കളത്തിന്റെ രൂപരേഖകള്‍ അടങ്ങിയ പുസ്തകങ്ങള്‍ പതിയെ ബാഗിനുള്ളിലേയ്ക്ക് പൂഴ്ത്തപ്പെട്ടു. നിലവിളക്കും തിരിയും കൊണ്ടുവരാമെന്നേറ്റവര്‍ എണ്ണ വറ്റിയ ചിരാതുകളെപ്പോലെ കെട്ടടങ്ങി. പട്ടികകള്‍ കൊണ്ട് വേര്‍ തിരിച്ച 10 ബി യിലേയ്ക്കും സി യിലേയ്ക്കും
പൂക്കളമൊരുക്കുന്നതിന്റെ പുറപ്പാടുകള്‍ കാണുവാന്‍ ഞങ്ങള്‍ ഒളിഞ്ഞു നോക്കി. അല്പം അസൂയയോടെ ഞങ്ങളവരെ നോക്കി നിന്നു. പിന്നീട് സ്വന്തം തിരക്കുകളിലേയ്ക്ക് ആവര്‍ത്തന വിരസതയുടെ വിജനമായ മണല്‍ പരപ്പുകളിലേയ്ക്ക് തല പൂഴ്ത്തി.
വൈകുന്നേരംസ്കൂള്‍വിട്ടപ്പോള്‍നാളെ‘ഉണ്ടാകാത്ത‘പൂക്കളത്തെക്കുറിച്ച്ഞാന്‍

വ്യാകുലപ്പെട്ടുകൊണ്ടിരുന്നു. വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് നനഞ്ഞ ഇടവഴികളുടെ മതിലരികുകളില്‍ നീല നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞു നില്‍ക്കന്നതു കണ്ടത്. അടുത്തു ചെന്നു നോക്കി കാക്കപ്പൂവാണെന്ന് ഊഹിച്ചു. അതിന്റെ മിനുത്ത ഇതളുകളില്‍ മഞ്ഞ നിറത്തിലുള്ള പൂമ്പൊടി ചിതറിക്കിടക്കുന്നു. വളരെ പതുക്കെ അവ പറിച്ചെടുത്തു.
വഴി നീളെ റോഡരികുകളില്‍ ചെണ്ടുമല്ലിപ്പൂക്കള്‍ നിരന്നു കഴിഞ്ഞിരുന്നു.

അവയ്ക്കരികില്‍ കറുത്ത പല്ലുകളും ചെമ്പന്‍ മുടിയുമുള്ള തമിഴന്മാര്‍ മലയാളത്തിന്റെ മണ്ണില്‍ അവരുടേതായ സംസ്കാരത്തിന്റെ അല്ലികള്‍ വിതറുവാന്‍ തക്കം പാര്‍ത്തിരുന്നു.മണ്ണില്‍ ഊട്ടിയുറപ്പിക്കപ്പെട്ടു പോന്ന സ്വന്തം ഭാഷയുടെയും ജീവിത ശൈലിയുടെയും അടിവേരുകള്‍ അറ്റുപൊകുമ്പൊള്‍ മണ്ണിന്റെ ആഴങ്ങളില്‍ പിത്രുക്കളുടെ കിടപ്പറകളില്‍ നിന്നും മരപ്പട്ടികളുടേതു പോലെ ആരൊ തേങ്ങിക്കരഞ്ഞു. യുഗങ്ങള്‍ക്കു മുമ്പ് ചതിയുടെ കയത്തില്‍ പെട്ട് നനഞ്ഞ മണ്ണിലേയ്ക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട നിഷ്കളങ്കമായ ഒരു ആത്മാവിന്റെ നിലവിളികളായിരുന്നുവൊ അത്?
വീടിന്റെ പടിക്കല്‍ എത്തിയപ്പോള്‍ ഒരു വസന്തം മുഴുവന്‍ വഴിമാറിപ്പോയതപോലെ മനസ്സ് ശൂന്യമായിരുന്നു. മുള്‍വേലി കവച്ചുവച്ച് കടന്നപ്പോഴാണ് മുളങ്കമ്പുകളില്‍ പടര്‍ന്നിരുന്ന വള്ളികളില്‍ പൂത്തു നിന്നിരുന്ന പൂക്കളെ കണ്ടത്. ജന്മവാസനയെന്ന വണ്ണം മൂക്ക് അവയോടടുപ്പിച്ചു. നിര്‍വികാരത മാത്രം സമ്മാനിചു കൊണ്ട് അവ ചിണുങ്ങി നിന്നു.
വേലിയരികുകളിലെ പൂക്കള്‍ ചില മനുഷ്യ ജീവിതങ്ങളെ ഓര്‍മിപ്പിച്ചു.ഇറുക്കപ്പെടാതെ,ശുശ്രൂഷിക്കപ്പെടാതെ, ശ്രദ്ധിക്കപ്പെടാതെ കാലത്തിന്റെ കൈകളില്‍ അവയും വിടരുന്നു......അടരുന്നു.....സൌന്ദര്യവും സുഗന്ധവും ഇല്ലെങ്കിലും അവയും പൂവുകള്‍ തന്നെ. അകലെ മുറ്റത്ത് വാടിയ പവിഴമല്ലികള്‍ ചിതറിക്കിടന്നിരുന്നു.അവയുടെ ഞെട്ടുകള്‍ക്ക് സന്ധ്യയുടെ നിറമാണ്. പണ്ട് പവിഴമല്ലികള്‍ വാഴനാരില്‍ കൊരുത്ത് എന്റെ ദുര്‍ബലമായ മുടിയിഴകള്‍ മറച്ചുകൊണ്ട്
മുത്തശ്ശി മുടിയില്‍ ചൂടിത്തരുമാ‍യിരുന്നു. വാടിവീണ പവിഴമല്ലികള്‍ പരിഭവിച്ചിരുന്നുവൊ?!!
അകലെ കാട്ടുമുല്ലകള്‍വിടരാന്‍ വെമ്പിക്കൊണ്ട് വള്ളിപ്പടര്‍പ്പുകളിലെവിടെയൊ കുരുങ്ങിക്കിടന്നു. തൊടിയില്‍ കാക്കപ്പൂവും കണ്ണാന്തളിയും കണ്ണെഴുതി കാത്തിരുന്നിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ‘ഞങ്ങളെ മറന്നുവൊ?’ എന്ന ഭാവത്തോടെ അവ നിന്നു. കളിക്കൂട്ടുകാരിയുടെ പരിഭവം നിറഞ്ഞ ചോദ്യത്തിനു മുന്നില്‍ തല കുനിച്ച് നില്‍ക്കുന്ന ഒരു തെറ്റുകാരിയെപ്പോലെ ഞാന്‍ പരുങ്ങി. പിടിച്ചു നില്‍ക്കാനാവാതെ പതിയെ ഞാന്‍ പിന്‍ വാങ്ങുമ്പോള്‍ മതിലരികുകളിലെ തൊട്ടാവാടിപ്പൂക്കള്‍ ഇളം കാറ്റിലും ഇളകിക്കൊണ്ട് പങ്കു വയ്ക്കാനാവാത്ത ഏതോ സ്മരണകളില്‍
പുളകിതരായി നിന്നു.

'ഓർമ ജാലകം'

കുട്ടിമാമൻ മരിച്ചത് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചാണ്. ആറു മാസത്തോളം നീണ്ട കീമോതെറാപ്പി സെഷന് ശേഷം ഒരു ദിവസം കുട്ടിമാമൻ പോയി. എല്ലാവരും ഒരുദിവ...